താലോലം താലോലം താരാട്ടിൻ



താലോലം താലോലം താരാട്ടിൻ ശീല് 
പൊന്നുമ്മ പാടിയ  തേനൂറുമിശല് 
മന്ദസ്മിതം തൂകി മാറോടുചേർത്ത് 
ചെഞ്ചുണ്ടിലൂട്ടിയ അമ്മിഞ്ഞപാല്..

കുഞ്ഞിളംമേനിയിൽ കിന്നാരവും ചൊന്ന് 
ദിനമൊരുപാടന്നന്നെ ഉമ്മ കാത്തു...
ഓമനിച്ചോമനിച്ചന്നെന്റെ കവിളത്ത് 
ചുടുചുംബനങ്ങളെന്നെ  ഉമ്മ ചാർത്തി...

ആ പൂമുഖം... 
സ്നേഹ ഭാജനം 
ആ പൂമൊഴി..
സ്നേഹസ്വാന്തനം 

പകരമേതുമില്ലാത്ത കൗതുകതീരം 
ഞാൻ കണ്ട ലോകത്തെ സുന്ദര സൂനം 
അലിവിൻ ആഴങ്ങൾ താണ്ടിയ താരം
ആ കാൽ ചുവട്ടിലാണെൻ സുബർഗം...

ഉദരത്തിലഭയവും  ഉലകത്തിൽ ജനനവും എനിക്കായ് പകർന്നൊരാ സാന്ത്വന രൂപം...

പകലിന്റെ നിറവിലും ഇരുളിന്റെ മറവിലും 
സ്നേഹ സ്പർശനങ്ങളാലൂട്ടിയ ഗേഹം..

യാ റബ്ബീ...
എന്നുമ്മയെ  നീ കാക്കണേ...
യാ റബ്ബീ....
എന്റുമ്മാക്ക് സുഖമേകണേ..


ആ വിരൽതുമ്പിൽ തൂങ്ങി പിച്ചവെച്ചതും 
ആ മടിത്തട്ടിലായ്  തല ചായ്ച്ചതും  
ആ തണൽ തൊട്ടിലിൽ വളർന്നൊരു ബാല്യം   
ഓർക്കുമ്പോൾ സുഖമുണ്ടാ സുന്ദരകാലം

ഇന്നോളം കണ്ടില്ല കുന്നോളം സ്നേഹിച്ച  ഉമ്മാക്ക് തുല്യമായുള്ളൊരു മേനി 

ഇനിയും ആതണലേറ്റ്  നാളേറെ നീങ്ങിടാൻ  
കൊതിപൂണ്ട് തേടുന്നു പരനിൽ വിധി...


യാ റബ്ബീ...
എന്നുമ്മയെ  നീ കാക്കണേ..
യാ റബ്ബീ....
എന്റുമ്മാക്ക് സുഖമേകണേ...

Comments